Business
മുംബൈ: ഓഹരി വിപണിയിൽ കനത്ത തകർച്ച നേരിട്ട് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ. ആഗോള വിപണിയിലെ തകർച്ചയെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ തുടർച്ചയായ ഒന്‍പതാം ദിവസമാണ് നഷ്ടത്തിലാകുന്നത്.
ഇന്നലെ ഓഹരി രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് ഒരു വർഷത്തെ (52 ആഴ്ച) താഴ്ന്ന നിരക്കായ 1,267 എന്ന നിലവാരത്തിലെത്തി. തുടർച്ചയായ ഒൻപത് ദിവസത്തെ ഈ ഇടിവോടെ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ കന്പനിയുടെ ഓഹരി മൂല്യത്തിൽ 7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഇതേത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം മുൻപുണ്ടായിരുന്ന 18.49 ലക്ഷം കോടി രൂപയിൽ നിന്ന് 17.10 ലക്ഷം കോടി രൂപയായി കുറയുകയും, നിക്ഷേപകരുടെ സന്പത്തിൽ 1,29,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.
ബിഎസ്ഇ സെൻസെക്സിൽ ഈ വർഷം ഇതുവരെ റിലയൻസ് ഓഹരികൾക്ക് 19 ശതമാനത്തോളം ഇടിവ് നേരിട്ടു.
Business
മുംബൈ: ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഇടിവ്. രാവിലത്തെ നേട്ടങ്ങളെല്ലാം കൈവിട്ട് സെൻസെക്സും നിഫ്റ്റിയും 0.70 ശതമാനം വീതം താഴേക്കു പതിച്ചു.
വിദേശ ധനകാര്യ സ്ഥാനങ്ങളുടെ (എഫ്ഐഐ) ശക്തമായ ഓഹരി വില്പനയും യുഎസ്-ഇറാൻ യുദ്ധ പ്രതിസന്ധികളും മറ്റ് കാരണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതുമാണ് വിപണിയിൽ ഇടിവുണ്ടാക്കിയത്.
സെൻസെക്സ് 508 പോയിന്റ് (0.68%) നഷ്ടത്തിൽ 74,267ലും നിഫ്റ്റി 50 സൂചിക 165 പോയിന്റോളം താഴ്ന്ന് 23,382ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വിശാല വിപണികളിലും ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.45 ശതമാനവും സ്മോൾകാപ് 100 സൂചിക 0.88 ശതമാനവും താഴ്ന്നു. നിഫ്റ്റി എഫ്എംസിജി രണ്ടു ശതമാനത്തിനു മുകളിലാണ് തകർച്ച നേരിട്ടത്. എന്നാൽ, നിഫ്റ്റി ഐടി മൂന്നു ശതമാനത്തിനടുത്ത് ഉയർന്നു.
എൻഎസ്ഇയിൽ വ്യാപാരം നടത്തിയ 3452 ഓഹരികളിൽ 2202 എണ്ണം താഴ്ന്നപ്പോൾ 1150 എണ്ണം മുന്നേറ്റം നടത്തി. 100 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിൽ ഇന്നലെ ബാധിച്ച കാരണങ്ങൾ
യുഎസ്-ഇറാൻ യുദ്ധം തുടരുന്നത്: ഫെബ്രുവരി അവസാനം മുതൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപക്ഷങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന് യുഎസും ഇറാനും ഇന്നലെ സൈനിക ആക്രമണങ്ങൾ നടത്തി. ഏത് സമാധാനകരാറിലും ലെബനനിലേക്കുള്ള ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണവും ഉൾപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യമാണ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്.
എണ്ണ വിലയിലെ ഉയർച്ച: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനത്തോളം ഉയർന്ന് ബാരലിന് 94 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനത്തിനു മുകളിലുയർന്ന് ബാരലിന് 91 ഡോളറിലെത്തി.
എഫ്ഐഐ വിൽപ്പന: വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടരുകയാണ്. വെള്ളിയാഴ്ച 21,105.86 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Business
മുംബൈ: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) മേയിലും ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടർന്നു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുകൾപ്രകാരം എഫ്പിഐകൾ മേയിൽ 32,963 കോടി രൂപയുടെ പിൻവലിക്കലാണു നടത്തിയത്.
ദുർബലമായ വരുമാന വളർച്ച, രൂപയുടെ ഇടിവ്, മറ്റ് വിപണികളിലെ ആകർഷകമായ അവസരങ്ങൾ എന്നിവയെത്തുടർന്നാണ് ഇന്ത്യൻ വിപണിയിൽനിന്ന് ഇവരുടെ പിന്മാറ്റം.
ഇതോടുകൂടി 2026ൽ ഓഹരിവിപണിയിൽനിന്ന് എഫ്പിഐകൾ പിൻവലിച്ച ആകെ തുക 2.25 ലക്ഷം കോടി രൂപയിലെത്തി. 2025ൽ മുഴുവനുമായി പിൻവലിച്ച തുകയേക്കാൾ കൂടുതലാണ് ഈ വർഷത്തെ ഒഴുക്ക്. കഴിഞ്ഞ വർഷം ആകെ 1.66 ലക്ഷം കോടി രൂപ പിൻവലിക്കലാണുണ്ടായത്.
2026ൽ ഫെബ്രുവരിയൊഴിയുള്ള എല്ലാ മാസങ്ങളിലും എൻപിഐകൾ വിൽപ്പനക്കാരായിരുന്നു. ജനുവരിയിൽ 35,962 കോടി രൂപയുടെ പിൻവലിക്കലുണ്ടായെങ്കിലും ഫെബ്രുവരിയിൽ 22,615 കോടിയുടെ നിക്ഷേപമാണുണ്ടായത്. ഇത് കഴിഞ്ഞ പതിനേഴ് മാസത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപമായിരുന്നു. എന്നാൽ, മാർച്ചിൽ 1.17 ലക്ഷം കോടിയുടെ റിക്കാർഡ് പിൻവലിക്കൽ കൊണ്ട് ഇവർ ഞെട്ടിച്ചു.
ഏപ്രിലിൽ 60,847 കോടി രൂപയുമായി വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടർന്നു. മേയിലെ പിൻവലിക്കൽ 32,000 കോടിക്കു മുകളിലെത്തിയെങ്കിലും മുൻ മാസങ്ങളെ അപേക്ഷിച്ച് പിൻവലിക്കൽ തുക കുറവായിരുന്നു. 2026ൽ എഫ്പിഐകൾ വിൽപ്പനക്കാരാകുന്ന തുടർച്ചയായ മൂന്നാം മാസമായി മേയ് മാറി.
വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, ആഭ്യന്തരവും ആഗോളവുമായ വിവിധ ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്നത്.
Business
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിച്ചടിയായി.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,312.91 പോയിന്റ് ഇടിഞ്ഞ് 76,015.28 എന്ന നിലയിലെത്തി. നിഫ്റ്റി 360.30 പോയിന്റ് താഴ്ന്ന് 23,815.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതും ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന അസ്വസ്ഥതകളുമാണ് വിപണിയെ പെട്ടെന്നുള്ള തകർച്ചയിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇതിനുപുറമെ, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയുടെ ആത്മവിശ്വാസം തകർത്തു.
സാങ്കേതികമായി നിഫ്റ്റി ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന 23,800-24,400 എന്ന ഏകീകരണ പരിധിയുടെ താഴ്ന്ന നിലവാരത്തിലാണ് നിലവിൽ സൂചികയുള്ളത്.
വരും ദിവസങ്ങളിൽ 23,800 എന്ന നിലവാരത്തിന് താഴേക്ക് നിഫ്റ്റി പോവുകയാണെങ്കിൽ ഏപ്രിൽ മാസത്തിലെ കുറഞ്ഞ നിരക്കായ 23,550 ലേക്ക് വിപണി വീണ്ടും താഴാൻ സാധ്യതയുണ്ട്.
Business
മുംബൈ: ഒരു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തിലേക്കു പതിച്ചു. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏകദേശം 0.7 ശതമാനത്തിലധികം ഇടിവാണ് നേരിട്ടത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇൻട്രാ ഡേയിൽ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തിയതും അസംസ്കൃത എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടവുമാണ് വിപണിയെ സ്വാധീനിച്ചത്.
രാവിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെൻസെക്സ് 1200 പോയിന്റിലധികം താഴേക്ക് പോകുകയും നിഫ്റ്റി 23800ന് താഴെ എത്തുകയും ചെയ്തു. എന്നാൽ ഉച്ചകഴിഞ്ഞതോടെ വിപണി നേരിയ തോതിൽ തകർച്ചയിൽനിന്ന് തിരിച്ചുകയറി.
വ്യാപാരം അവസാനിക്കുന്പോൾ സെൻസെക്സ് 583 പോയിന്റ് ഇടിഞ്ഞ് 76913ലും നിഫ്റ്റി 180 പോയിന്റിലധികം താഴ്ന്ന് 23,998ലുമാണ് എത്തിയത്. ഈ ഇടിവോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയത് കന്പനികളുടെ മൊത്തം വിപണി മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ വിപണി മൂല്യം 464 ലക്ഷം കോടി രൂപയായി കുറഞ്ഞു.
◄ റിക്കാർഡ് താഴ്ചയിൽനിന്ന് കയറി രൂപ
ഡോളറിനെതിരെ രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിൽനിന്ന് കരകയറി. ഇന്നലെ വ്യാപാരത്തിൽ രൂപ 95.34 എന്ന എക്കാലത്തെയും താഴ്ന്ന ഇൻട്രാ ഡേ നിരക്ക് രേഖപ്പെടുത്തി. എന്നാൽ, വ്യാപാരം പുരോഗമിച്ചപ്പോൾ നാലു പൈസയുടെ നേട്ടത്തിൽ 94.84ൽ ക്ലോസ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതാണ് രൂപയ്ക്ക് ആശ്വാസമായത്. യുഎസ്-ഇറാൻ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നത് രൂപയുടെ മൂല്യത്തിൽ ബാധിച്ചതിനാൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.
◄ ക്രൂഡ് ഓയിൽ വിലയിൽ താഴ്ച
ഇറാനെതിരേയുള്ള യുദ്ധം ശക്തമാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് അസംസ്കൃത എണ്ണ വില രാവിലെ ഉയർന്നു. നിരവധി ചാഞ്ചാട്ടങ്ങൾ നിറഞ്ഞതായിരുന്നു വിപണി.
ഇന്നലെ പുലർച്ചെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126.41 ഡോളർ നിരക്കിലേക്ക് ഉയർന്നിരുന്നു. 2022നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂണിലെ വിതരണത്തിനായുള്ള ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 116.78 ഡോളറിലെത്തി.
Business
മുംബൈ: മൂന്നു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ.
പശ്ചിമേഷ്യയിൽ സംഘർഷം അയയുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ പോസിറ്റീവ് ട്രെൻഡിലെത്തിയതും സണ്‍ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരി വിലയിലുണ്ടായ വർധനയുമാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്.
സെൻസെക്സ് 639.42 പോയിന്റ് (0.83%) ഉയർന്ന് 77,304 പോയിന്റിലും നിഫ്റ്റി 195 പോയിന്റ് (0.81%) നേട്ടത്തിൽ 24,093ലുമെത്തി.
വിശാല വിപണികൾ മികച്ച പ്രകടനമാണ് നടത്തിയത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.47 ശതമാനവും 1.90 ശതമാനവും മുന്നേറി. എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം പച്ചയിലെത്തി.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
Business
മുംബൈ: 2027 സാന്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകൾക്ക് നേട്ടം. രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം സെൻസെക്സ്, നിഫ്റ്റി 50 സൂചികകൾ രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ എണ്ണ വില വർധനയെക്കുറിച്ചും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകൾ നീങ്ങിയതോടെയാണ് വിപണിയിൽ ഉണർവുണ്ടായത്.
പുതിയ സാന്പത്തികവർഷത്തിന് ആവേശം പകർന്ന് സെൻസെക്സ് 2000 പോയിന്റിലധികം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് കുതിപ്പിന് ചെറിയൊരു ഇടിവുണ്ടായത്.
മാർച്ചിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ ഇടിവാണ് മാർച്ചിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ മാസം വിപണിയെ സ്വാധീനിച്ചത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1187 പോയിന്റ് (1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (1.56%) നേട്ടത്തിൽ 22,679 നിലവാരത്തിലുമെത്തി.
വിപണിയിലെ ഇന്നലത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ കന്പനികളുടെ ആകെ മൂല്യം 422 ലക്ഷം കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ 4437 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 3819 എണ്ണം മുന്നേറ്റം നടത്തിയപ്പോൾ 521 എണ്ണം താഴ്ന്നു. 97 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മീഡിയ എന്നിവ നാലു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, ഐടി, മെറ്റൽ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നീ സൂചികകളും മുന്നേറ്റത്തിന് പിന്തുണ നൽകി. എന്നാൽ, ഇതിനു വിപരീതമായി നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻഎസ്ഇയിൽ 2936 ഓഹരികൾ മുന്നേറിയപ്പോൾ 282 എണ്ണം താഴ്ന്നു. 104 എണ്ണത്തിന് വിലയിൽ മാറ്റമുണ്ടായില്ല.
Business
മുംബൈ: വൻ നഷ്ടങ്ങൾക്കുശേഷം തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. ഇന്നലത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും രണ്ടു ശതമാനത്തിനടുത്ത് ഉയർന്നു. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് 1205 പോയിന്റ് (1.63 %) വർധനയോടെ 75,273 നിലവാരത്തിലും നിഫ്റ്റി 394 പോയിന്റ് നേട്ടത്തിൽ (1.72 %) 23,306ലും വ്യാപാരം പൂർത്തിയാക്കി. ഇതോടെ രണ്ട് ദിവസം കൊണ്ട്, സെൻസെക്സിൽ ഏകദേശം 2,600 പോയിന്റും (3.54%) നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റും (3.56%) നേട്ടം രേഖപ്പെടുത്തി.
എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം നേട്ടത്തിലെത്തി. നിഫ്റ്റി ഐടി ഒഴികെയുള്ള (+0.08) മറ്റ് മേഖലാ സൂചികകൾ വലിയ മുന്നേറ്റം നടത്തി. മൂന്നു ശതമാനത്തിലേറെ ഉയർന്ന കണ്‍സ്യൂമർ ഡ്യൂറബിൾസ് കുതിപ്പിന് നേതൃത്വം നല്കി. നിഫ്റ്റി ഓട്ടോ, ഫിനാൻഷൽ സർവീസസ്, മെറ്റൽ, ഫാർമ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത്കെയർ തുടങ്ങിയവ മികച്ച പ്രകടനമാണ് നടത്തിയത്.
വിപണിക്ക് ഇന്ന് അവധി
ഇന്ത്യൻ ഓഹരി വിപണി ഇന്നു പ്രവർത്തിക്കുകയില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് ഓഹരി വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്. എൻഎസ്ഇ, ബിഎസ്ഇ ഉൾപ്പെടെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് എല്ലാം അവധിയായിരിക്കും. ഇനി നാളെയായിരിക്കും ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക.
അടുത്തയാഴ്ച മൂന്നു വ്യാപാര ദിനങ്ങൾ മാത്രമായിരിക്കും വിപണിയിലുണ്ടാകുക. മാർച്ച് 31 ശ്രീ മഹാവീർ ജയന്തിയും ഏപ്രിൽ മൂന്ന് ദുഃഖ വെള്ളിയും പ്രമാണിച്ച് വിപണിക്ക് അവധിയാണ്.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നലെ കനത്ത നഷ്ടം. പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നതിനെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ ദുർബലാവസ്ഥയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും തകർച്ചയ്ക്കിടയാക്കിത്. വിദേശ നിക്ഷേപരുടെ പിന്മാറ്റം ഇന്ത്യൻ ഓഹരിവിപണിയിൽ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
സെൻസെക്സ് 1837 പോയിന്റ് (2.46%) താഴ്ന്ന് 72,696.39ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 602 പോയിന്റ് (2.6%) ഇടിഞ്ഞ് 22,513ൽ ക്ലോസ് ചെയ്ത്. നിഫ്റ്റി സൂചിക 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
ഇന്നലെയുണ്ടായ കനത്ത വില്പനയിൽ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം മൂല്യം 414.77 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി കണ്‍സ്യൂമർ ഡ്യൂറബിൾസ് (5.17%), നിഫ്റ്റി മെറ്റൽ (4.81%), നിഫ്റ്റി റിയൽറ്റി (4.74%), നിഫ്റ്റി പിഎസ് യു ബാങ്ക് (4.11%) സൂചികകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. എൻഎസ്ഇയിൽ 3008 ഓഹരികൾ താഴ്ന്നപ്പോൾ 332 എണ്ണം മുന്നേറി. 80 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലെത്തെ വിപണി തകർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കൃത്യം ആറു വർഷം മുന്‍പ്, 2020 മാർച്ച് 23ന് ഇന്ത്യയിൽ കോവിഡ്-19ന്റെ വ്യാപനം തടയാൻ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം വിപണിയിലുണ്ടായ വൻ തകർച്ചയുടെ വാർഷികത്തിലാണ് ഇന്നലത്തെ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. അന്ന് നിഫ്റ്റി ഒരു ദിവസം 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
► ► ഇടിവിനുള്ള കാരണങ്ങൾ
എഫ്ഐഐകളുടെ വിൽപ്പന: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിനുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിന്മാറ്റം ശക്തമാക്കി. തുടർച്ചയായ 16-ാമത്തെ സെഷനിലും വില്പനക്കാരായ എഫ്ഐഐകൾ കഴിഞ്ഞ വെള്ളിയാഴ്ച 5518 കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയത്.
യുഎസ് ബോണ്ട് ആദായം ഉയർന്നു: പത്ത് വർഷത്തെ യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള ആദായം 10 ബേസിസ് പോയിന്റ് ഉയർന്ന് 4.4 ശതമാനത്തിനു മുകളിലെത്തി. ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫെഡറൽ റിസർവിന്റെ പലിര നിരക്കു കുറയ്ക്കൽ നടപടികളോട് വേഗത്തിൽ പ്രതികരിക്കുന്ന രണ്ടു വർഷത്തെ യുഎസ് ട്രഷറി യീൽഡുകൾ 3.93 ശതമാനമായി ഉയർന്നു. ബോണ്ട് യീൽഡുകൾ വർധിക്കുന്നത് ഓഹരിവിപണികളേക്കാൾ സർക്കാർ സെക്യൂരിറ്റികളെ കൂടുതൽ ആകർഷമാക്കുന്നു. ഇത് ഓഹരിവിപണികളിൽ സമ്മർദവുമുണ്ടാക്കുന്നു.
ആഗോള വിപണികൾ ഇടിഞ്ഞു: ആഗോള വിപണികളിൽ ഒന്നടങ്കം ഇടിവ് ദൃശ്യമായി. ഏഷ്യൻ വിപണികളിൽ ദക്ഷിണകൊറിയയുട കോസ്പിയിൽ ഏഴു ശതമാനത്തിനടുത്തും ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് സൂചികകളിൽ നാലു ശതമാനത്തിനടത്തും നഷ്ടം നേരിട്ടു.
ഇന്നലെ ഡോളർ ശക്തിപ്പെട്ടതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരേ 94 കടന്നു. ഇന്നലെ 50 പൈസ ഇടിഞ്ഞ് 94.03 നിരക്കിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ ബാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നിരുന്നു. 64 പൈസ ഇടിഞ്ഞ് 93.53ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്റർബാങ്ക് എക്സ്ചേഞ്ചിൽ 93.84ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇടിവ് തുടർന്നതോടെ രൂപയ്ക്ക് മികവിലെത്താനായില്ല.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്നലെ കനത്ത നഷ്ടം. പ്രധാന സൂചികകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് ഏകദേശം 2500 പോയിന്റിനടുത്തും നിഫ്റ്റി 50 സൂചിക 23000 എന്ന നിലവാരത്തിന് തൊട്ടു മുകളിലുമാണ് ക്ലോസ് ചെയ്തത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ച കടുത്ത നിലപാടുകളുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്നിരുന്ന മുന്നേറ്റത്തിനാണ് വിരാമമായത്.
സെൻസെക്സ് 2497 പോയിന്റ് (3.26%) താഴ്ന്ന് 74,207ലെത്തി. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 2753 പോയിന്റ് താഴ്ന്ന് 73,951ലെത്തിയതാണ്. നിഫ്റ്റി 776 പോയിന്റ് (3.26%) നഷ്ടത്തിൽ 23,002ലും വ്യാപാരം പൂർത്തിയാക്കി. 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സൂചികകളിലുണ്ടായത്.
► നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടിക്കു മുകളിൽ
ഓഹരിവിപണിയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ 11.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ മൊത്തം വിപണിമൂല്യം 427 ലക്ഷം കോടി രൂപയ്ക്കു താഴെയായി.
ബിഎസ്ഇയിൽ ഇന്നലെ മൊത്തം 4,404 ഓഹരികളാണ് വ്യാപാരം ചെയ്തത്. ഇതിൽ 1,065 എണ്ണമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 3,180 ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 161 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നലെത്തെ വ്യാപാരത്തിനിടെ 368 ഓഹരികളുടെ വില 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
ബിഎസ്ഇ സെൻസെക്സിലെ 30 ഓഹരികളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്.എറ്റേണൽ, എച്ച്ഡിഎഫ്സി ഓഹരികൾ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികളിൽ നാലു മുതൽ അഞ്ചു ശതമാനം വരെ കുറവുണ്ടായി.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് കുതിച്ചുയർന്ന് 22 നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
► മേഖലാ സൂചികകൾ ചുവപ്പണിഞ്ഞു
നിഫ്റ്റിയിലെ 16 പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫിനാൻഷൽ, ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വൻ വില്പനയാണുണ്ടായത്.
വിശാല വിപണിയിലും കനത്ത വില്പന സമ്മർദമാണുണ്ടായത്. നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 സൂചികകൾ യഥാക്രമം 2.94 ശതമാനവും 3.19 ശതമാനവും ഇടിഞ്ഞു.
► ഇടിവിനുള്ള കാരണങ്ങൾ
ക്രൂഡോയിൽ വിലയിലെ വർധന: ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനുമുകളിൽ ഉയർന്നത് വിപണിയെ സ്വാധീനിച്ചു.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ പുതിയ റിക്കാർഡ് താഴ്ചയിൽ. 23 പൈസ നഷ്ടത്തിൽ 92.63 നിലവാരത്തിലാണ് ഡോളറിനെതിരേ രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ഉയർന്നത് വിപണിയിലെ ആത്മവിശ്വാസത്തെ തളർത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 92.42 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സെഷന്റെ ഭൂരിഭാഗ സമയവും 92.41-92.48 നിരക്കിൽ വ്യാപാരം തുടർന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ഇടിവ് ശക്തമായി. തലേന്നത്തെ ക്ലോസിംഗിനേക്കാൾ 23 പൈസ നഷ്ടത്തിൽ 92.63 നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയായ 92.65 വരെയെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 92.47നെയാണ് ഇന്നലെ തിരുത്തിയത്.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ എട്ടു ബില്യണ്‍ ഡോളറിന്റെ പിൻവലിക്കൽ നടന്നതോടെ രൂപയുടെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയുൾപ്പെടെ പല ദിവസങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളാണ് രൂപയെ കൂടുതൽ താഴ്ചയിലേക്കു പോകാതെ തടഞ്ഞുനിർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ 10 സെഷനുകളിലായി രൂപയുടെ മൂല്യം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റിക്കാർഡ് താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ് -ഇസ്രയേൽ സംയുക്തസേന ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 40.2 ശതമാനം വർധിച്ചു. ബാരലിന് 100 ഡോളറിനു മുകളിൽ സ്ഥിരമായി തുടരുകയുമാണ്. യുദ്ധം ഇന്ത്യയിൽ ഉൗർജ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിപ്പിക്കാനും പണപ്പെരുപ്പത്തിനും കാരണമാകും.
സൂചികകൾ മൂന്നാം ദിവസവും നേട്ടത്തിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിനവും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ കുറവും ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളുമാണ് വിപണിയെ താങ്ങിയത്. ഐടി ഓഹരികളിലുണ്ടായ വാങ്ങലുകളും വിപണിയുടെ കുതിപ്പിനെ സഹായിച്ചു.
സെൻസെക്സ് 633 പോയിന്റ് (0.83%) ഉയർന്ന് 76,704ലും നിഫ്റ്റി 197 പോയിന്റ് (0.83%) നേട്ടത്തിൽ 23,778ലും ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചിക ഏകദേശം 3.6 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി 23,862 പോയിന്റ് വരെ ഉയർന്നെങ്കിലും 23,850ൽ ശക്തമായ പ്രതിരോധം നേരിടുകയാണ്.
Business
മുംബൈ: ഇന്നലെ നടന്ന വ്യാപാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി മികച്ച നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 50 സൂചിക 23,400 പോയിന്റിനു മുകളിലെത്തി.
കഴിഞ്ഞയാഴ്ചയിലെ കടുത്ത വിറ്റഴിക്കലിനുശേഷം നിക്ഷേപകർ താഴ്ന്ന നിലയിൽനിന്നുള്ള വാല്യു ബയിംഗിലേക്കു കടന്നതോടെയാണ് വിപണി ലാഭത്തിലേക്കു കടന്നത്. ഇതോടെ തുടർച്ചയായ മൂന്നു സെഷനിലെ നഷ്ടക്കണക്കുകൾക്ക് അറുതിയായി.
ശക്തമായ ഇടിവിനും അതിവേഗത്തിലുള്ള തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച അതിതീവ്രമായ അസ്ഥിരത നിറഞ്ഞ ഒരു വ്യാപാര ദിനമായിരുന്നു ഇന്നലെത്തേത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ ആ നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തിലേക്ക് തിരിച്ചുവന്നു. രാവിലെതന്നെ വീണ്ടും ഇടിവുണ്ടായി സെൻസെക്സ് 600 പോയിന്റിലധികം താഴ്ന്ന് 74,000 നിലവാരത്തിനു താഴെയും നിഫ്റ്റി സൂചിക 23,000 പോയിന്റിനു താഴെയുമെത്തി.
ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിൽ രാവിലെയുണ്ടായ നഷ്ടങ്ങളെല്ലാം മറികടക്കുകയും ചെയ്തു. സെൻസെക്സ് 1000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 23,500 നിലവാരത്തിനു മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ അവസാനം നേരിയ തോതിൽ നേട്ടം നഷ്ടപ്പെട്ടെങ്കിലും വിപണി ലാഭത്തിൽതന്നെ ക്ലോസ്ചെയ്തു.
സെൻസെക്സ് 939 പോയിന്റ് (1.26%) ഉയർന്ന് 75,503ലും നിഫ്റ്റി 258 പോയിന്റ് (1.11%) ലാഭത്തിൽ 23,409ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന നേട്ടമുണ്ടാക്കിയവരും നഷ്ടം നേരിട്ടവരും
അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, എറ്റേണൽ, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിൽ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, സണ്‍ ഫാർമ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ.
എൻഎസ്ഇയിൽ 1075 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2213 എണ്ണം താഴ്ന്നു 84 എണ്ണത്തിൽ മാറ്റമുണ്ടായില്ല. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് (1.67%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നഷ്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് (1.58%) ആണ് മുന്നിൽ.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
വാല്യു ബയിംഗ്: ഇന്നലെ താഴ്ന്ന നിലവാരത്തിൽനിന്ന് വാല്യു ബയിംഗ് നടന്നതോടെ സൂചികകൾ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലും നഷ്ടമെന്നു തോന്നിച്ചിടത്ത് ഓട്ടോ, മെറ്റൽ, ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി എന്നിവയിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്.
ഇന്ത്യ വിക്സിന്റെ താഴ്ച: വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് കഴിഞ്ഞയാഴ്ചയിലെ കുതിപ്പിനുശേഷം നാലു ശതമാനത്തിലധികം താഴ്ന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷ: വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിനു മുകളിലാണ്.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് തടസം നേരിടുകയാണ്.
യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ഏഴു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ ഭൂരിഭാഗവും തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പാതയിലെ കപ്പലുകൾക്ക് അടന്പടി സേവിക്കാൻ വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.
Business
കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ) തങ്ങളുടെ നിർദിഷ്ട പ്രഥമ ഓഹരിവിപണി പ്രവേശനവുമായി (ഐപിഒ) ബന്ധപ്പെട്ട് മർച്ചന്റ് ബാങ്കർമാർ, നിയമസ്ഥാപനങ്ങൾ, മറ്റ് മധ്യവർത്തികൾ എന്നിവരെ തെരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കി. എൻഎസ്ഇയുടെ ഐപിഒ കമ്മിറ്റി അംഗീകരിച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
കൊടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, ജെഎം ഫിനാൻഷൽ ലിമിറ്റഡ്, ആക്സിസ് കാപ്പിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്), മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, നുവമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, അവെന്റസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, 360 വൺ വാം ലിമിറ്റഡ്, ആനന്ദ് രാഠി അഡ്വൈസേഴ്സ് ലിമിറ്റഡ്, ഡാം കാപ്പിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, പാന്റോമത്ത് കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇക്വിറസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ 20 മർച്ചന്റ് ബാങ്കർമാരെയാണ് തെരഞ്ഞെടുത്തത്.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ ശക്തമായ തിരിച്ചുവരവിനുശേഷം ഇന്നലെ ഓഹരിവിപണി വീണ്ടും സമ്മർദത്തിലായി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും എണ്ണവിലയിലെ അസ്ഥിരതയുമാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 1300 പോയിന്റിലധികം താണു. നിഫ്റ്റി നിർണായകമായ 23,900 പോയിന്റിന് താഴെയാണ് ക്ലോസ് ചെയ്തത്.
മിശ്രമായ ആഗോള സൂചനകൾക്കിടെ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഈ നഷ്ടം കൂടുതൽ വ്യാപിക്കുകയും ചെയ്തു. വിപണി സൂചികകൾ കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
സെൻസെക്സ് 1342 പോയിന്റ് (1.72%) ഇടിഞ്ഞ് 76864ൽ വ്യാപാരം പൂർത്തിയാക്കി. പത്തര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലവാരമാണിത്.
നിഫ്റ്റി 394 പോയിന്റ് (1.63%) താഴ്ന്ന് 23867ലും വ്യാപാരം പൂർത്തിയാക്കി. 2025 ഏപ്രിൽ 17-ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ ക്ലോസിംഗ് രേഖപ്പെടുത്തുന്നത്.
നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.25% നഷ്ടം നേരിട്ടു. നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.36% ഇടിവ് കുറിച്ചു. മേഖലാ സൂചികകളിൽ ഇന്നലത്തെ വ്യാപാരത്തിൽ ഫാർമ, ഹെൽത്ത്കെയർ, ഓയിൽ & ഗ്യാസ് തുടങ്ങിയ സൂചികകൾ മാത്രമാണ് നേരിയ തോതിലെങ്കിലും നേട്ടം സ്വന്തമാക്കിയത്.
വിപണിയുടെ വീഴ്ചയ്ക്കു കാരണങ്ങൾ
എഫ്ഐഐകളുടെ വില്പന: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ തുടരുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) ഈ മാസം ഇതുവരെ വില്പനക്കാരുടെ റോളിൽതന്നെയാണ്. ചൊവ്വാഴ്ച 4672.64 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. അതേസമയം, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐ) നിക്ഷേപകരാകുകയാണ്. ചൊവ്വാഴ്ച 6333 കോടി രൂപയുടെ നിക്ഷേപം നടത്തി.
ലാഭമെടുപ്പ്: കഴിഞ്ഞ രണ്ടു സെഷനുകളിലെ ഇടിവുകൾക്ക് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച വ്യാപാര സെഷനിൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ നേട്ടം നിക്ഷേപകരെ ഇന്നലെ വൻതോതിൽ ലാഭമെടുപ്പിലേക്കു നയിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ബാങ്കിംഗ്, മറ്റ് മേഖലകളിലെ പ്രമുഖ ഓഹരികളിൽ നടന്ന ലാഭമെടുപ്പ് ഓഹരി സൂചികകളുടെ ഇടിവിനു പ്രധാന കാരണമായി.
യുദ്ധം നീളുന്നത്: യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, സംഘർഷം വീണ്ടും ശക്തമാകുന്നതായാണ് കാണുന്നത്.
എഎഫ്പി റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിനു സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 ബോട്ടുകൾ യുഎസ് സൈന്യം തകർത്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ആഗോള സാന്പത്തിക വളർച്ചയ്ക്കും പണപ്പെരുപ്പത്തിനും അത് വലിയ ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിൽനിന്നും ചൊവ്വാഴ്ച ശക്തമായി തിരിച്ചെത്തിയ രൂപ ഇന്നലെ വീണ്ടും ഇടിഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ 16 പൈസ ഇടിഞ്ഞ് 92.01 നിലവാരത്തിലെത്തി.
Business
മുംബൈ: രണ്ടു സെഷനിൽ കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഏകദേശം ഒരു ശതമാനത്തിനടുത്ത് തിരിച്ചുകയറി. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻതന്നെ തീർന്നേക്കാമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും ആഗോള വിപണിയിലുണ്ടായ ഉണർവുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇ സെൻസെക്സ് 640 പോയിന്റ് (0.82%) ഉയർന്ന് 78,206ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 1.23 ശതമാനം വരെ മുന്നേറി 78,526 പോയിന്റിൽ എത്തിയിരുന്നു.
നിഫ്റ്റി 234 പോയിന്റ് (0.97%) നേട്ടത്തിൽ 24,262ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 50യിൽ ശ്രീറാം ഫിനാൻസ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐഷർ മോട്ടോർസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇറ്റേണൽ എന്നിവയ്ക്ക് ഇടിവ് നേരിട്ടു.
നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.62 ശതമാനവും 2.12 ശതമാനവും ഉയർന്നു.
16 മേഖലാ സൂചികകളിൽ 14 എണ്ണവും പച്ചയിലെത്തിയപ്പോൾ ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ മാത്രമാണ് ചുവപ്പണിഞ്ഞത്.
തിങ്കളാഴ്ച സൂചികകൾ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പശ്ചിമേഷ്യയിൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയും വ്യാപിച്ചതോടെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഇതേത്തുടർന്ന് വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന വോളാറ്റിലിറ്റി സൂചിക 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.
വിപണിയുടെ ഉയർച്ചയ്ക്കു പിന്നിൽ
ക്രൂഡ് ഓയിൽ വില കുറഞ്ഞു: കഴിഞ്ഞ സെഷനിൽ മൂന്നു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ക്രൂഡ് ഓയിൽ വില ഇന്നലെ താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിലയിൽ ഇടിവുണ്ടാക്കിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം താഴ്ന്ന് നൂറു ഡോളറിൽ താഴെയായി.
ശക്തമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണികൾ ഒന്നടങ്കം പോസിറ്റീവിലെത്തി. ദക്ഷിണ കൊറിയയുടെ കോസ്പി അഞ്ചു ശതമാനത്തിനു മുകളിലും ജപ്പാന്റെ നിക്കീ 225 സൂചിക മൂന്നു ശതമാനത്തിനടത്തും ചൈനയുടെ ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് സൂചികയും ഹോങ്കോംഗിന്റെ ഹാങ് സെങ്ങും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
യുഎസിന്റെ പ്രധാന സൂചികകൾ കഴിഞ്ഞ സെഷനിൽ ഉയർന്നാണ് ക്ലോസ് ചെയ്തത്. ഇന്ത്യ വിക്സ് കുറഞ്ഞു: വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ തോത് അളക്കുന്ന വോളാറ്റിലിറ്റി സൂചിക 19 ശതമാനത്തോളം ഇടിഞ്ഞ് 19ലെത്തി.
രൂപയുടെ തിരിച്ചുവരവ്: തിങ്കളാഴ്ച ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ രൂപ ഇന്നലെ വലിയ തിരിച്ചുവരവ് നടത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു ഗുണം ചെയ്തത്. തിങ്കളാഴ്ച 92.21ൽ ക്ലോസ് ചെയ്ത രൂപ ഇന്നലെ 36 പൈസ ഉയർന്ന് 91.85ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരിവിപണിയിലുണ്ടായ കുതിപ്പും ഡോളർ ദുർബലമായതും രൂപയുടെ മൂല്യത്തിന് കരുത്ത് പകർന്നതായി വിദേശനാണ്യവ്യാപാരികൾ പറഞ്ഞു.
Business
2025 ജൂണിലെ 12 ദിവസം നീണ്ട വ്യോമയുദ്ധത്തിന് തുടർച്ചയെന്നോണം ഇസ്രയേലും യുഎസും സംയുക്തമായി വീണ്ടും ഇറാനെ ആക്രമിച്ചു. വർധിച്ചുവരുന്ന ഈ സംഘർഷം ഈ ആഴ്ചയുടെ തുടക്കത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം പരിശോധിക്കും.
മധ്യേഷ്യയിലുണ്ടായിരിക്കുന്ന പുതിയ ഭൗമരാഷ്ട്രീയ സംഘർഷം നിക്ഷേപകർക്കിടയിൽ അനിശ്ചിതത്വം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ മാർച്ചിലെ ആദ്യ വ്യാപാരദിനത്തിനായി വിപണി തുറക്കുന്പോൾ ഓഹരികൾ, സ്വർണം, വെള്ളി തുടങ്ങിയ നിക്ഷേപങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനിടയുണ്ട്.
►യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം: ഇന്ത്യൻ വിപണിയെ ബാധിക്കുന്നത്
സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, യുഎസ്-ഇറാൻ യുദ്ധഭീതി ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും പ്രതികൂലമായ സ്വാധീനമുണ്ടാക്കും. എന്നാൽ, ഫെബ്രുവരിയിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ വലിയ തോതിലുള്ള വില്പന നടന്നതിനാൽ നാളത്തെ ഇടിവ് വലിയ തോതിലുള്ളതാകാൻ സാധ്യതയില്ലെന്നാണ് ഇവർ കരുതുന്നത്. ഇന്ത്യൻ വിപണിയിൽ പെട്ടെന്നുള്ള വില്പനയോ കുത്തനെ താഴ്ന്നുള്ള തുടക്കമോ ഉണ്ടാകുന്നതിനു പകരം മന്ദഗതിയിലുള്ള നീക്കമാകും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിൽ ഇടിവുണ്ടാകുമെന്നു കരുതുന്നതിനിടെ ഇന്ത്യയുടെ മൂന്നാംപാദ ജിഡിപി കണക്കുകൾ 7.8 ശതമാനം എന്ന മികച്ച നിലയിലായത് ഇന്ത്യൻ വിപണിക്ക് കരുത്തു നൽകുന്നു. രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ശക്തമാണെന്ന ഈ സൂചന വിപണിയെ വൻ തകർച്ചയിൽനിന്ന് തടഞ്ഞുനിർത്താൻ സഹായിക്കും. നിഫ്റ്റി നിലവിൽ 25,000-25,050 എന്ന ശക്തമായ സപ്പോർട്ട് ലെവലിലാണ്. ഇതിലും താഴേക്കു പോകാനുള്ള സാധ്യത കുറവാണ്. എന്നാൽ, 25,000 നിലവാരം തകർന്നാൽ വിപണിയിൽ വലിയൊരു തകർച്ചയ്ക്കു സാധ്യതയുണ്ട്. വിപണി തിരിച്ചുകയറാൻ ശ്രമിക്കുന്പോൾ 25300-25350 നിലവാരത്തിൽ എത്തിയാൽ ശക്തമായ വില്പനസമ്മർദത്തിനു സാധ്യതയുണ്ട്. ഇതിനു മുകളിൽ കടന്നാൽ മാത്രമേ വിപണിയിൽ പോസിറ്റീവ് തരംഗം പ്രതീക്ഷിക്കാനാകൂ.
►സ്വർണം, വെള്ളി
വൻതോതിലുള്ള യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഒൗണ്‍സിന് 5300 ഡോളർ എന്ന നിലവാരത്തിൽ പ്രതിരോധം നേരിടുന്നുണ്ട്. ഈ പ്രതിരോധം മറികടന്നാൽ ആഭ്യന്തര സ്വർണവില 10 ഗ്രാമിന് 1,68,000 മുതൽ 1,70,000 രൂപ വരെ ഉയരാൻ സാധ്യതകളുണ്ടെന്ന് പുതിയ ഉയരങ്ങൾ താണ്ടാൻ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അന്താരാഷ്ട്ര വെള്ളിവില വെള്ളിയാഴ്ച ഒൗണ്‍സിന് 93 ഡോളർ നിലവാരത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ അമൂല്യലോഹം ഒൗണ്‍സിന് 95 ഡോളർ നിലവാരത്തിൽ പ്രതിരോധം നേരിടുന്നുണ്ട്. ഇതു മറികടന്നാൽ വെള്ളി വില വീണ്ടും ഒൗണ്‍സിന് 100 ഡോളർ എന്ന റിക്കാർഡിൽ എത്തിയേക്കാം. ഇത് ആഭ്യന്തര വെള്ളിവില കിലോയ്ക്ക് 2,80,000 മുതൽ 2,85,000 രൂപ എന്ന നിലവാരത്തിലേക്കു കുതിക്കുകയാണ്. ഈ കുതിപ്പു തുടർന്നാൽ വെള്ളി വില കിലോയ്ക്ക് 2,90,000 മുതൽ 2,95,000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.
►അസംസ്കൃത എണ്ണവില
യുഎസും ഇസ്രയേലും ഇറാനെതിരേ വന്‍തോതിലുള്ള സൈനികനീക്കം ആരംഭിച്ചതോടെ ആഗോള എണ്ണവില കുത്തനെ ഉയരുകയാണ്. ഈ ആക്രമണങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ യുദ്ധമേഖലയാക്കി മാറ്റിയതോടെ, പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതി തടസപ്പെടുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. യുഎസ് തങ്ങളെ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്നത് പാതയിലൂടെയാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 72.48 ഡോളർ എന്ന നിലവാരത്തിലാണെങ്കിലും, വില വൈകാതെ 80 കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. നിലവിലെ സംഘർഷസാധ്യത കണക്കിലെടുത്ത് വ്യാപാരികൾ നാലു ഡോളർ മുതൽ എട്ട് ഡോളർ വരെ വാർ റിസ്ക് പ്രീമിയം (വിലവർധന) ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
►ഇന്ത്യയെ എങ്ങനെ ബാധിക്കാം?
ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൂടാതെ, രാജ്യത്തെ പ്രകൃതിവാതക ഉപഭോഗത്തിന്റെ പകുതിയോളവും വിദേശ വിതരണക്കാരില്‍നിന്നാണ് ലഭിക്കുന്നത്.
അസംസ്കൃത എണ്ണയുടെ സ്രോതസുകള്‍ വൈവിധ്യവത്കരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും, ഏകദേശം 40 ശതമാനത്തോളം വാങ്ങലുകളും ഇറാക്ക്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ് തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്. ഇതില്‍ ഭൂരിഭാഗം കപ്പല്‍ ചരക്കുകളും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.
ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന നേരിയ വര്‍ധന പോലും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെയും അതുവഴി സാധനസാമഗ്രികളുടെ കടത്തുകൂലിയെയും ബാധിക്കും. ഇത് നേരിട്ട് പണപ്പെരുപ്പത്തിനു കാരണമാകും. ഇറക്കുമതിക്കായി കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കും. ഹോര്‍മുസ് കടലിടുക്കില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ അത് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തെ സാരമായി ബാധിക്കും.
Business
മുംബൈ: ഓഹരി വിപണിയില്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ് ഇ) എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.
“രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് എന്‍എസ്ഇ. ഒരു സ്ഥാപനത്തിന്റെ ഓഹരി വാങ്ങുമ്പോള്‍ നാം ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയാണ്. ലാഭം ഉണ്ടെങ്കില്‍ പങ്കാളിത്തലാഭവും നഷ്ടമാണെങ്കില്‍ പങ്കാളിത്ത നഷ്ടവും ലഭിക്കും - ഇതാണ് വിപണിയുടെ അടിസ്ഥാന തത്വം.
വേഗലാഭം വാഗ്ദാനം ചെയ്യുന്ന തെറ്റായ ഉപദേശങ്ങള്‍ കേട്ട് ആരും നിക്ഷേപ തട്ടിപ്പുകളില്‍ ചെന്നുപെടരുത്. ഇന്ന് ഓഹരി വിപണി സമ്പന്നരുടെ മാത്രം വേദിയല്ല. മൊബൈല്‍ ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ചെറിയ തുകകളില്‍ പോലും നിക്ഷേപം സാധ്യമാണ്. ഓഹരി വിപണി ഒരിക്കലും ഒരു ചൂതാട്ട വേദിയല്ല; അപകടമേഖലയുമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് സാധാരണക്കാരന് സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം നല്കുന്ന വേദിയാണ്”- അദ്ദേഹം വ്യക്തമാക്കി.
ഓഹരി വിപണിയിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധനയുടെ കണക്കുകള്‍ എന്‍എസ് ഇ ചീഫ് ഇക്കണോമിസ്റ്റ് തീര്‍ഥ ശങ്കര്‍ പട്നായിക് വിശദീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേരള നിക്ഷേപകരുടെ എണ്ണം 31.8 ലക്ഷമാണ്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ലക്ഷം ആയിരുന്നത് ഇപ്പോള്‍ ഒന്‍പതു മടങ്ങിലധികം വര്‍ധിച്ച് 31.8 ലക്ഷമായി. വനിതാ നിക്ഷേപകരുടെ പങ്കാളിത്ത നിരക്ക് 28.1 ശതമാനമായി വര്‍ധിച്ചു.
ഇത് അഖിലേന്ത്യ ശരാശരിയേക്കാള്‍ (24.7 ശതമാനം) കൂടുതലാണ്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ വര്‍ധിച്ചത് എറണാകുളം ജില്ലയിലാണ് - 1.7 ലക്ഷം. തൊട്ടുപിന്നില്‍ തൃശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട് -ആശിഷ് കുമാര്‍ ചൗഹാൻ പറഞ്ഞു.
Business
മുംബൈ: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്രവ്യാപാരക്കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുടെയും കരുത്തുറ്റ ആഗോള സൂചനകളുടെയും പിൻബലത്തിൽ സെൻസെക്സും നിഫ്റ്റിയും ഉയർന്ന തലത്തിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനമാണ് ശക്തമായ മുന്നേറ്റം നടത്തുന്നത്.
സെൻസെക്സ് 487.20 പോയിന്റ് (0.60%) 82,344.68ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 646.49 പോയിന്റ് ഉയർന്ന് 82503ൽ വരെയെത്തിയതാണ്. നിഫ്റ്റി 167.35 പോയിന്റ് മുന്നേറി (0.66%) 25,342.75ലും ക്ലോസ് ചെയ്തു.
സെൻസെക്സിലെ 30 മുൻനിര കന്പനികളിലൊന്നായ ഭാരത് ഇലക്ട്രോണിക്സിന്റെ മൂന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവില ഒന്‍പത് ശതമാനത്തിനു മുകളിൽ കുതിച്ചുയർന്നു.
കന്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധനയോടെ 1590 കോടി രൂപയിലെത്തി. വരുമാനം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ 24 ശതമാനം ഉയർന്ന് 7122 കോടി രൂപയിലെത്തി.
എഫ്ഐഐകളുടെ ഇന്ത്യ വിപണയിൽ നിന്നുള്ള പിന്മാറ്റം തുടരുകയാണ്. ചൊവ്വാഴ്ച 3068.49 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. അതേസമയം ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപം ഉയർത്തുകയും ചെയ്തു. ചൊവ്വാഴ്ച 8999.71 കോടി രൂപയുടെ നിക്ഷേപം നടത്തി. തുടർച്ചയായ 15 ദിവസത്തെ വിൽപ്പനയ്ക്കുശേഷം എഫ്ഐഐകൾ ഇന്ത്യൻ വിപണിയിലേക്ക് ഇന്നലെ നിക്ഷേപകരായെത്തി. 480.26 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
വിപണിയുടെ ഉയർച്ചയ്ക്കു കാരണം
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പൂർത്തീകരണം നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കി. ഇയു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. പകരം ഇയുവിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 97 ശതമാനത്തിനും ഇന്ത്യ നികുതി ഇളവു നൽകും. ഏഷ്യൻ മാർക്കറ്റുകളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാംഗ്സെങ് സൂചികകൾ ഇന്നലെ ഉയർന്നാണ് ക്ലോസ് ചെയ്തത്.
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് താഴേക്കു പോയതും നേട്ടമായി. മുൻ സെഷനേക്കാൾ 6.44 ശതമാനം താഴ്ന്ന് 13.52 എന്ന നിലവാരത്തിലെത്തി.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വൻകിട ഓഹരികളിലെ ലാഭമെടുപ്പും സൂചികകളെ താഴേക്ക് വലിച്ചു.
സെൻസെക്സ് 102 പോയിന്റ് (0.12%) ഇടിഞ്ഞ് 84,961ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തോടെ 26,141ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ കരുത്ത് കാട്ടി. ഇവ യഥാക്രമം 0.45 ശതമാനവും 0.39 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.87%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.69 %) എന്നിവ കരുത്ത് കാട്ടി.
വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയെ സംബന്ധിച്ച് വലിയ ആശങ്കയായി തുടരുകയാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറുകളിൽ തുടരുന്ന അനിശ്ചിതത്വം വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
മൂന്നാം പാദത്തിലെ സാന്പത്തിക ഫലങ്ങൾക്കും അമേരിക്കയിലെ തൊഴിൽ മേഖലയിലെ നിർണായക കണക്കുകൾക്കുമായി ജാഗ്രതയോടെ കാത്തിരിക്കുകയാണ് വിപണി.
മുൻ പാദത്തെ അപേക്ഷിച്ച് കന്പനികളുടെ വരുമാനത്തിൽ വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾ കാരണം വിദേശ സ്ഥാപക നിക്ഷേപകർ റിസ്ക് എടുക്കാൻ മടിച്ചു നിൽക്കുകയാണെന്ന് വിപണി വിദഗ്ധർ പറയുന്നു.
Business
മുംബൈ: ഓഹരിസൂചികകൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനടുത്ത് ഇന്നലെ മുന്നേറി. ശക്തമായ ആഗോളസൂചികകളും വൻകിട ഓഹരികൾ വാങ്ങാനുള്ള താത്പര്യവും വിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി സൂചിക ഇന്നലെ റിക്കാർഡ് ഉയരത്തിലെത്തി. ബാങ്കിംഗ്, എനർജി, മെറ്റൽ സ്റ്റോക്കുകളിലെ ഉയർന്ന വാങ്ങലുകളാണ് നിഫ്റ്റിയെ ശക്തിപ്പെടുത്തിയത്. നിഫ്റ്റി 182 പോയിന്റ് (0.70%) ഉയർന്ന് 26,328.55 എന്ന പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്നാം സെഷനിലാണ് നിഫ്റ്റി ഉയർന്നത്. വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക എക്കാലത്തെയും ഉയർന്ന 26,340 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.01 ശതമാനവും 0.72 ശതമാനവും നേട്ടമുണ്ടാക്കി.
ഒരു മാസത്തിനുശേഷമാണ് നിഫ്റ്റി സൂചിക റിക്കാർഡ് നിലവാരം കുറിക്കുന്നത്. 2025 ഡിസംബർ 1ന് 26,325.8 പോയിന്റിലെത്തിയതിന്റെ റിക്കാർഡാണ് ഇന്നലെ മറികടന്നത്. 2025ൽ നിഫ്റ്റി 10.5 ശതമാനം ആദായം നൽകിയെങ്കിലും ആഗോള വിപണികളുമായി താരതമ്യം ചെയ്യുന്പോൾ ഇത് ദുർബലമായ പ്രകടനമായിരുന്നു.തുടർച്ചയായ രണ്ടാം വാരവും നേട്ടമുണ്ടാക്കിയ സൂചിക 1.12 ശതമാനം ഉയർന്നു.
സെൻസെക്സ് 573.41 പോയിന്റ് (0.67%) ഉയർന്ന് 85,762.01ൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം മുൻ സെഷനിലെ 477 ലക്ഷം കോടി രൂപയിൽനിന്ന് ഉയർന്ന് 481 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ സന്പത്തിൽ നാലു ലക്ഷം കോടി രൂപയുടെ വർധനയാണ് ഒരു സെഷനിലുണ്ടായത്.
കോർപറേറ്റ് ഫലങ്ങൾ മൂന്നാംപാദത്തിൽ വലിയ ഉയരത്തിലാകുമെന്ന വിപണിയുടെ പ്രതീക്ഷ വർധിച്ചതാണ് ഇന്നലത്തെ കുതിപ്പിന് കാരണം. ഇതിന് വഴിയൊരുക്കിയത് വാഹന ലോകത്തു നിന്നുള്ള കണക്കുകൾ വന്നതാണ്. ഡിസംബർ മാസം സർവകാല റിക്കാർഡ് വില്പനയക്കാണ് ഇന്ത്യൻ വാഹനലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനുണ്ടാകുമെന്ന സൂചനകളും വിപണിയെ സഹായിച്ചു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (1.15 ശതമാനം) മാത്രമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാലിറ്റി (1.52%), പിഎസ്യു ബാങ്ക് (1.50%), മെറ്റൽ (1.47) സൂചികകൾ കൂടുതൽ നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, റിയൽറ്റി, കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
കോൾ ഇന്ത്യ ലിമിറ്റഡ് ആണ് നിഫ്റ്റി സൂചികയിൽ മികച്ച പ്രകടനം നടത്തിയത്. ഏഴു ശതമാനത്തിനു മുകളിലാണ് ഓഹരി വില ഉയർന്നത്. എൻടിപിസി ലിമിറ്റഡ് 4.6 ശതമാനവും ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് 3.5 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കന്പനികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. 20ലേറെ ഓഹരികൾ നഷ്ടത്തിലാണ് വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിൻവാൾ ആൻഡ് കന്പനി 7.08 ശതമാനം ഇടിഞ്ഞപ്പോൾ കേരള ആയുർവേദ 2.78 ശതമാനം താഴ്ന്നു.
ബംഗ്ലാദേശ് ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്നങ്ങളും യുഎസുമായുള്ള കരാറിലെ അനുകൂല വാർത്തകളും കിറ്റെക്സ് ഗാർമെന്റ്സിനെ 1.20 ശതമാനം ഉയർത്തി. അതേസമയം, സ്കൂബീഡേ ഗാർമെന്റ് വലിയ തിരിച്ചടി നേരിട്ടു. 7.95 ശതമാനം ഇടിവ്.
Business
മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്‍സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.
Business
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തളർച്ച തുടരുന്നു. തുടർച്ചയായ നാലാം ദിവസവും സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ സെൻസെക്സ് 346 പോയിന്റ് (0.41%) ഇടിഞ്ഞ് 84695.54 എന്ന നിലവാരത്തിലലും നിഫ്റ്റി 100 പോയിന്റ് (0.38%) നഷ്ടത്തിൽ 25942.10ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ ഒഴികെയെല്ലാം താഴ്ചയിലാണ്.
Business
മുംബൈ: മുൻ സെഷനിലെ നേട്ടം തുടർന്ന് ഓഹരിവിപണി. പോസിറ്റീവായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും സെൻസെക്സ്, നിഫ്റ്റി സൂചികകളെ തുടർച്ചയായ രണ്ടാം സെഷനിലും മികവിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവിൽനിന്ന് അടുത്ത വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകരെ ആകർഷിച്ചു.
സെൻസെക്സ് 638 പോയിന്റ് (0.75%) ഉയർന്ന് 85,567.48ലും നിഫ്റ്റി 206 പോയിന്റ് ലാഭത്തിൽ (0.79%) 26,172.40 പോയിന്റിലും ക്ലോസ് ചെയ്തു.
പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനാണ് വിശാല സൂചികകൾ കാഴ്ചവച്ചത്. നിഫ്റ്റി മിഡ്കാപ് 0.84 ശതമാനവും സ്മോൾകാപ് 1.17 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.86 ശതമാനവും സ്മോൾകാപ് 1.12 ശതമാനവും വർധിച്ചു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ നാലുലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 471 ലക്ഷം കോടി രൂപയിൽ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് ഒഴികെ മറ്റെല്ലാ സൂചികകളും ഭേദപ്പെട്ട നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികയ്ക്ക് 0.16 ശതമാനമാണ് നഷ്ടം. ഐടി ഇന്നലെ 2.06 ശതമാനം നേട്ടം കൊയ്തപ്പോൾ മെറ്റൽ 1.41 %, ഓട്ടോ 0.82% എന്നിങ്ങനെ ഉയർന്നു.
നേട്ടത്തിനുള്ള കാരണങ്ങൾ
1. വിദേശ നിക്ഷേപത്തിന്റെ വരവ്: തുടർച്ചയായ 14 ദിവസം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ച ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) നിക്ഷേകരായി തിരിച്ചുവന്നത് വിപണിയെ നേട്ടത്തിലേക്കെത്തിച്ചു. വെള്ളിയാഴ്ച 1830.89 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വാങ്ങിയത്. കഴിഞ്ഞ മൂന്നു സെഷനിലായി 3776 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
2. ഫെഡിന്റെ പലിശനിരക്കു കുറയ്ക്കൽ പ്രതീക്ഷകൾ: അടുത്തിടെ പുറത്തുവന്ന സാന്പത്തിക കണക്കുകൾ നയപരമായ കാഴ്ചപ്പാടുകളിൽ കാര്യമായി മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തിൽ, 2026ൽ യുഎസ് ഫെഡ് റിസർവ് രണ്ടു തവണ നിരക്കു കുറയ്ക്കുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
3. പോസിറ്റീവായ ആഗോള സൂചനകൾ: വെള്ളിയാഴ്ച യുഎസ് മാർക്കറ്റുകളിലുണ്ടായ ഉണർവ് ഇന്നലെ ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. ദക്ഷിണകൊറിയയുടെ കോസ്പി രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. ജപ്പാന്റെ നിക്കീ 1.81 ശതമാനവും ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് 0.69 ശതമാനവും ഹോങ്കോംഗിന്റെ ഹാങ് സെംഗ് സൂചിക 0.43 ശതമാനവും മുന്നേറി.
വിപണി വർഷാവസാനം മുന്നേറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് നൽകുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ശക്തമായ തിരിച്ചുവരവും കാഷ് മാർക്കറ്റിൽ എഫ്ഐഐകൾ വാങ്ങലുകാരായി തിരിച്ചുവന്നതുമാണ് വിപണിയുടെ വർഷാവസാന മുന്നേറ്റത്തിനു കരുത്താകുന്നതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
മുംബൈ: മുൻ സെഷനിലെ നേട്ടം തുടർച്ചയായ രണ്ടാം ദിവസവും ആവർത്തിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ മികച്ച സൂചനകളും നിക്ഷേപതാത്പര്യങ്ങളും വിപണിയുടെ മികവിനു കാരണമായി. 25 ബേസിസ് പോയിന്റിന്റെ കുറവാണ് ഫെഡറൽ റിസർവ് വരുത്തിയത്.
സെൻസെക്സ് 449.52 പോയിന്റ് (0.53%) മുന്നേറി 85,268 പോയിന്റിലും നിഫ്റ്റി 148.40 പോയിന്റ് (0.57%) നേട്ടത്തോടെ 26,047ലും ക്ലോസ് ചെയ്തു.
എന്നാൽ, സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ച 0.5 ശതമാനം താഴ്ച രേഖപ്പെടുത്തി. സൂചികകൾ സർവകാല റിക്കാർഡിൽ എത്തിയതിനെത്തുടർന്ന് ഈ ആഴ്ചയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതാണ് ആഴ്ചയടിസ്ഥാനത്തിൽ ഇടിവിനിടയാക്കിയത്.
ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന 2026ലേക്ക് സാന്പത്തിക ഉത്തേജനം വാഗ്ദാനം ചെയ്യുകയും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്തതിനെതുടർന്ന് ഉണ്ടായ ഡിമാൻഡ് പ്രതീക്ഷകളിൽ ഇന്നലെ മെറ്റൽ സൂചികകളിൽ 2.6 ശതമാനം കുതിപ്പ് നടത്തി.
കഴിഞ്ഞ ദിവസം യുഎസ് വിപണികൾ ഉയർന്നു വ്യാപാരം പൂർത്തിയാക്കിയതിനു പിന്നാലെ ഏഷ്യൻ സൂചികകളിൽ പ്രധാനമായും ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് ആഭ്യന്തര വിപണികൾക്കു പിന്തുണ നൽകി
Business
മുംബൈ: യുഎസ് ഫെഡ് ഫലം വരാനിരിക്കേ തുടർച്ചയായ ഏഴാം ദിവസവും വിദേശ നിക്ഷേപർ ഓഹരിവിൽപ്പനയിലേക്കു കടന്നതോടെ ഓഹരി സൂചികകൾ ഇടിഞ്ഞു.
തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നാലെയാണ് വിപണികൾ നഷ്ടത്തിലായത്. ഇന്നലെ ഇൻട്രാഡേയിൽ നിക്ഷേപകർ ചെറുകിട, ഇടത്തരം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതോടെ സൂചികയിലെ വൻകിട ഓഹരികളിൽ വിൽപ്പന പ്രകടമായി. ബുധനാഴ്ച യുഎസ് ഫെഡ് റിസർവിന്റെ ഫലം വരും.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 609.68 പോയിന്റ് (0.71%) താഴ്ന്ന് 85,102.69ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെസ്ക് 836.78 പോയിന്റ് (0.97%) ഇടിഞ്ഞ് ഇൻട്രാഡേയിൽ 84,875.59 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
50 ഓഹരികളുടെ നിഫ്റ്റി രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം 226 (0.86%) നഷ്ടത്തിൽ 25,960.55ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 294.2 പോയിന്റ് (1.12%) താഴ്ന്ന് 25,892.25ലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യം മുന്‍പത്തെ സെഷനിലെ 471 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടിയായി താഴ്ന്നു. ഇത് നിക്ഷേപർക്ക് ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി.നിഫ്റ്റി മേഖല സൂചികകൾ മുഴുവൻ ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ഭാരത് ഇലക് ട്രോണിക് ലിമിറ്റഡ്, എറ്റേണൽ, ട്രെന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് സെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടൈറ്റൻ, എൻടിപിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്യുഎൽ, എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വലിയ തകർച്ചയാണ് നേരിട്ടത്.
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
മറ്റ് ഏഷ്യൻ വിപണികളുടെ പ്രകടനം പോസിറ്റീവായിരുന്നു. ദക്ഷിണകൊറിയയുടെ കോസ്പി 1.34 ശതമാനം ഉയർന്നു. ഷാങ്ഹായി എസ്എസ്ഇ 0.54 ശതമാനവും ജപ്പാന്റെ നിക്കീ 0.13 ശതമാനവും മുന്നേറിയപ്പോൾ ഹോങ്കോംഗിന്റെ ഹാംഗ്സെംഗ് 1.23 ശതമാനം താഴ്ന്നു.
കേരള കന്പനികളിൽ ചുരുക്കം ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടത്തിലെത്തിയത്. ഓഹരിവില 9.96 ശതമാനം ഉയർന്ന യൂണിറോയൽ മറൈൻ എക്സ്പോർട്സാണ് ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത്. പ്രൈമ അഗ്രോ ഓഹരി എട്ട് ശതമാനത്തിനു മുകളിലാണ് ഉയർന്നത്.
ബിപിഎൽ ആണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 15 ശതമാനത്തിലധികം താഴ്ന്നു. കേരള ആയുർവേദ ഓഹരികൾ എട്ട് ശതമാനവും ഫാക്ട് ഓഹരികൾ ഏഴ് ശതമാനത്തിനടുത്തും താഴ്ച രേഖപ്പെടുത്തിയപ്പോൾ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കെഎസ്ഇ എന്നിവ അഞ്ച് ശതമാനത്തിനു മുകളിൽ താഴ്ചയിലാണ്.
വൻ തോതിലുള്ള സ്മോൾകാപ്, മിഡ്കാപ് ഓഹരി വിൽപ്പന
നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ സ്മോൾകാപ്, മിഡ്കാപ് ഓഹരി സൂചികകളിൽ വൻ തോതിൽ വിൽപ്പന നടന്നു. സ്മോൾകാപ്പിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവായിരുന്നു. അഞ്ചു ദിവസങ്ങളിലായി നാലു ശതമാനത്തോളം നഷ്ടമാണ് സ്മോൾകാപ് സൂചികയിലുണ്ടായത്. 2.61 ശതമാനം നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിഡ്കാപ് സൂചികയിൽ ഇന്നലെ 1.83 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
എഫ്ഐഐകളുടെ ഒഴുക്ക്
വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായ ഏഴാം ദിവസവും ഓഹരി വിൽപ്പനക്കാരായി. വെള്ളിയാഴ്ച 438.90 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ആകെ 10,403.62 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ പിൻവലിച്ചത്.
രൂപയുടെ നഷ്ടം
ഡോളറിനെതിരേ രൂപ തുടർച്ചയായ നഷ്ടത്തിലാണ്. ഇന്നലെ തുടക്കത്തിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം 16 പൈസ താഴ്ന്ന് 90.11ലെത്തി. അവസാനം 14 പൈസ നഷ്ടത്തിൽ 90.09ൽ വ്യാപാരം പൂർത്തിയാക്കി.
ഇറക്കുമതിക്കാരിൽ അമേരിക്കൻ കറൻസിക്കുണ്ടായ ശക്തമായ ആവശ്യകത, ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ ഇടിവിന് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
യുഎസ് ഫെഡ് നയതീരുമാനത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു. ഡിസംബർ 10-ന് പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിനായി വിപണി കാത്തിരിക്കുകയാണ്. പലിശ നിരക്കിൽ കുറവ് വരുത്തുമോ എന്ന കാര്യത്തിലുള്ള അവ്യക്തത നിക്ഷേപകരെ വിൽപനയ്ക്ക് പ്രേരിപ്പിക്കുന്നു.
Business
മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം തുടർന്ന് വിപണി. ചാഞ്ചാട്ടങ്ങൾ നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന വിപണിയുടെ മുന്നേറ്റത്തിന് വലിയ തടസമുണ്ടാക്കി. കഴിഞ്ഞ ദിവസം മാത്രം 4,171 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വിറ്റഴിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ ദുർബലതയും വിപണിക്ക് ക്ഷീണമായി. വിപണി റിക്കാർഡ് നിലവാരത്തിന് സമീപം എത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും വിൽപ്പന സമ്മർദം വർധിപ്പിച്ചു.
കൂടാതെ, നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്നതിനാൽ, വലിയ അളവിലുള്ള പൊസിഷനുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രത വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായി. പുതിയ ഉത്തേജക ഘടകങ്ങളുടെ അഭാവവും വിപണിക്ക് തിരിച്ചടിയായി.
സെൻസെക്സ് 314 പോയിന്റ് (0.37%) താഴ്ന്ന് 84,587ലും നിഫ്റ്റി 74.7 പോയിന്റ് (0.29%) ഇടിഞ്ഞ് 25,884.80 ലും ക്ലോസ് ചെയ്തു.
മുഖ്യസൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് എന്നിവ യഥാക്രമം 0.36 ശതമാനവും 0.19 ശതമാനവും മുന്നേറി.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.57%), ഐടി (0.57%), മീഡിയ (0.80%), ഓയിൽ & ഗ്യാസ് (0.34%) ഇടിഞ്ഞു. മെറ്റൽ (0.55%), ഫാർമ (0.44%), പിഎസ്്യു ബാങ്ക് (1.44%), റിയൽറ്റി (1.62%) എന്നിവ നേട്ടമുണ്ടാക്കി.
ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഓയിൽ & ഗ്യാസ് തുടങ്ങിയ പ്രധാന മേഖലാ ഓഹരികളിലെ ഇടിവ് സൂചികകളെ താഴേക്ക് വലിച്ചു.
കേരള കന്പനികളുടെ
പ്രകടനം
കേരളത്തിൽനിന്നുള്ള കന്പനികളുടെ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫെഡറൽ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിനും വണ്ടർലായുടേത് നാലു ശതമാനത്തിനു മുകളിലും ഉയർന്നു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, സ്കൂബി ഡേ തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലെത്തി.
കേരള ആയൂർവേദ, വിഗാർഡ് ഇൻഡസ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്സ് എന്നിവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
Business
മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. മികച്ച പാദവാർഷിക ഫലങ്ങളും ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് സൂചികകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും നേട്ടം നിലനിർത്തിയത്.
തുടർച്ചയായ ആറാം സെഷനിലാണ് സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നലത്തെ പ്രധാന നേട്ടം.
ആഗോള വിപണികളിൽ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കന്പനികളുടെ ശക്തമായ പ്രകടനവും യുഎസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഉൗർജം പകർന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.
സെൻസെക്സ് 388 പോയിന്റ് (0.46%) ഉയർന്ന് 84,950.95ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രമുഖ സൂചികകളേക്കാൾ മികച്ച പ്രകടനമാണ് മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ കാഴ്ചവച്ചത്. മിഡ്കാപ് സൂചിക 0.73% വരെയും സ്മാൾകാപ് സൂചിക 0.52% വരെയും ഉയർന്നു.
മേഖലാ സൂചികകൾ
മേഖലാ സൂചികകളെല്ലാം ഇന്നലെ പോസിറ്റീവായി. വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76 ശതമാനം ഉയർന്ന് 5892.70ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 59,001.55 എന്ന റിക്കാർഡിൽ ബാങ്കിംഗ് സൂചികയെത്തി.
പൊതുമേഖല ബാങ്ക് ഓഹരികൾ 1.09 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷൽ സർവീസസ് 0.56 ശതമാനവും ഫിനാൻഷൽ സർവീസസ് 25/50 സൂചിക 0.44 ശതമാനവും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു.
മറ്റ് മേഖല സൂചികകളിൽ ഓട്ടോ (0.85%), കണ്‍സ്യൂമർ ഡ്യുറബിൾസ് (0.83%), റിയൽറ്റി (0.45%), ഓയിൽ ആൻഡ് ഗ്യാസ് (0.38%) ഹെൽത്ത്കെയർ (0.41%), മീഡിയ (0.40%), എഫ്എംസിജി (0.21%), ഐടി (0.20%), ഫാർമ (0.20%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ മാത്രം 0.01 ശതമാനം കുറഞ്ഞ ഉയർച്ചയോടെ ഏതാണ്ട് ഫ്ളാറ്റായി.
കേരളത്തിലെ പ്രമുഖ കന്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
Business
മുംബൈ: ഓഹരി സൂചികകൾ ഇന്നലെ കുത്തനെയുള്ള താഴ്ചയിൽനിന്നു വൻ തിരിച്ചുവരവ് നടത്തി. നിക്ഷേപകർ താഴ്ന്ന വിലകളിൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയതാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് ഇന്നലെ വ്യാപാരത്തിൽ താഴ്ന്ന നിലയിൽനിന്ന് 500 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 25,900 പോയിന്റ് മറികടന്നു. മൂന്നു മണിവരെ താഴ്ന്ന നിലയിലായിരുന്ന് സെൻസെക്സ്, നിഫ്റ്റി സൂചികകൾ അവസാന അരമണിക്കൂറിലാണ് നേട്ടത്തിലെത്തിയത്.
സെൻസെക്സ് സൂചിക 449.35 പോയിന്റ് (0.53%) ഇടിഞ്ഞ് 84,029.32 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 138.35 പോയിന്റ് (0.53%) 25,740.80 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സ് തലേന്നത്തെ ക്ലോസിംഗ് പോയിന്റായ 84478.67നെ അപേക്ഷിച്ച് 400 പോയിന്റ് താഴ്ന്നു. എന്നാൽ, ഇന്നലെത്തെ വലിയ താഴ്ചയിൽനിന്ന് 550 പോയിന്റ് ഉയർന്ന് പോസിറ്റീവായി ക്ലോസ് ചെയ്തു. സെൻസെക്സ് 84.11 പോയിന്റ് (0.10%) നേട്ടത്തോടെ 84,562.78 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.നിഫ്റ്റി 30.90 പോയിന്റ് (0.12%) നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്.
മേഖലാ സൂചികകൾ
നിഫ്റ്റി മേഖലാ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ഐടി, ഓട്ടോ സൂചികകളിൽ വില്പനസമ്മർദം നേരിട്ടപ്പോൾ എഫ്എംസിജി, ബാങ്കിംഗ്, ഫിനാൻസ് ഓഹരികളിൽ വാങ്ങലുകളുണ്ടായി. പൊതുമേഖല ബാങ്ക് സൂചിക 1.17 ശതമാനം, നിഫ്റ്റി ബാങ്ക് 0.23 ശതമാനം, ഫിൻ സർവീസസ് 0.35 ശതമാനം, എഫ്എംസിജി 0.57 ശതമാനം, ഫാർമ 0.59 ശതമാനം ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി ഐടി 1.03 ശതമാനവും ഓട്ടോ 0.52 ശതമാനവും താഴ്ന്നു.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.08 ശതമാനവും സ്മോൾകാപ് 0.38 ശതമാനവും ഉയർന്നു.
Business
മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരതുടക്കത്തിലുണ്ടായ തകർച്ചയ്ക്കുശേഷമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്കു കടന്നത്. ഐടി, ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതോടെ ആഗോളതലത്തിൽ ഉണ്ടായ പോസിറ്റീവ് സൂചനകളും ഈ കുതിപ്പിന് കൂടുതൽ കരുത്ത് പകർന്നു. ആഗോളതലത്തിൽ പോസിറ്റീവ് സൂചനകൾ ലഭിച്ചതിനെത്തുടർന്ന് നിക്ഷേപകരുടെ വാങ്ങൽ താത്പര്യം മെച്ചപ്പെട്ടതും ഇന്ത്യ-യുഎസ് വ്യാപാര കരാർ സാധ്യതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പുതുക്കിയതും ചൊവ്വാഴ്ച ആഭ്യന്തര വിപണികളെ കുത്തനെ ഉയർത്തി.
ഡൽഹി ഭീകരാക്രമണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആദ്യ പകുതിയിൽ വ്യാപാരം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ദിവസത്തെ താഴ്ന്ന നിലയിൽ നിന്ന് 750 പോയിന്റോളം തിരിച്ചു കയറാൻ സെൻസെക്സിനായി. നിഫ്റ്റിക്ക് 250 പോയിന്റോളം തിരിച്ചുകയറാനായി.
ഉച്ചവരെ ചാഞ്ചാട്ടത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മുന്നേറ്റം നടത്തിയത്. നിഫ്റ്റിയിലും ഉച്ചവരെ നഷ്ടക്കണക്കായിരുന്നു. എന്നാൽ, ഉച്ചയ്ക്കുശേഷം മുന്നേറുകയായിരുന്നു.
സെൻസെക്സ് 336 പോയിന്റ് (0.40%) നേട്ടത്തോടെ 83,871ലും നിഫ്റ്റി 120 പോയിന്റ്് (0.47%) മുന്നേറി 25,695ലും വ്യാപാരം പൂർത്തിയാക്കി.
ഡൽഹി സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ആഭ്യന്തര വിപണി മന്ദഗതിയിലാണ് തുറന്നത്. എന്നാൽ, ആ മന്ദഗതിയിൽനിന്ന് വിപണിക്ക് സമർഥമായി തിരിച്ചുവരാനുമായി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതിനു പിന്നാലെയുണ്ടായ ആഗോള സൂചനകളുടെ പിന്തുണയോടെയാണ് വിപണി മുന്നേറിയതെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ഹെഡ് ഓഫ് റിസർച്ച് വിനോദ് നായർ പറഞ്ഞു.
മേഖല സൂചികകൾ
വാങ്ങൽ പ്രവണത ഉയർന്നതോടെ മേഖല സൂചികകളിൽ ഭൂരിഭാഗവും പോസിറ്റീവായി. നിഫ്റ്റി ഐടി 428 പോയിന്റ്് (1.20%) മുന്നേറിയപ്പോൾ നിഫ്റ്റി ഓട്ടോ 288 (1.07%), നിഫ്റ്റി മെറ്റൽ 75 പോയിന്റ്് (0.71%), നിഫ്റ്റി എഫ്എംസിജി 188 പോയിന്റ് (0.34%), നിഫ്റ്റി ബാങ്ക് 200 പോയിന്റ് (0.35%) എന്നിവങ്ങനെയും നേട്ടമുണ്ടാക്കി.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 302 പോയിന്റ് (0.50%) ഉയർന്നപ്പോൾ സ്മോൾകാപ് 37 പോയിന്റ് (0.21%) താഴ്ന്നു.